7 February 2011

ഗോശ്രീപാലങ്ങൾ വഴി തിരുകൊച്ചി ബസ്സുകൾ | Thirukochi buses through Goshree Bridges

ഏറെ നാളുകളായി ഞങ്ങൾ വൈപ്പിൻ ദ്വീപ് നിവാസികൾക്ക് ഉണ്ടായിരുന്ന ഒരു സ്വപ്നം ഇന്ന് സഫലമായി. ഗോശ്രീ പാലങ്ങൾ വഴി എറണാകുളം എന്ന മഹാനഗരത്തിലേയ്ക്കും നഗരത്തിന് വെളിയിലേയ്ക്കും നേരിട്ട് യാത്രചെയ്യാൻ സാധിക്കും എന്ന സ്വപ്നം. ഗോശ്രീപാലങ്ങൾ വർഷങ്ങൾക്ക് മുൻപ് നിലവിൽ വന്നു എങ്കിലും ഞങ്ങളുടെ നേരിട്ടുള്ള യാത്രാവകാശം സംഘടിതരും ശക്തരുമായ മഹാനഗരത്തിലെ സ്വകാര്യ ബസ്സ് മുതലാളിമാരും, ഞങ്ങളുടെ തന്നെ നാട്ടിലെ സ്വകാര്യ ബസ്സ് മുതലാളിമാരും, എല്ലാത്തിലും ഉപരി നഗരം തന്നെ ഗതാഗതം കൊണ്ട് വീർപ്പുമുട്ടുകയാണെന്നും കൂടുതൽ ബസ്സുകൾ അനുവദിക്കാൻ സാധ്യമല്ലെന്നുമുള്ള നിലപാടെടുത്ത പോലീസും എല്ലാം ചേർന്ന് നഗരത്തിന്റെ പടിവാതിലിൽ വരെ പരിമിതപ്പെടുത്തിയിരുന്നു. ആദ്യകാലങ്ങളിൽ സി എം എഫ് ആർ ഐ കഴിഞ്ഞുള്ള ജിഡയുടെ (ഗോശ്രീ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്പ്‌മെന്റ് അതോറിട്ടി) സ്ഥത്ത് ഗോശ്രീ ഭാഗത്തുനിന്നും വരുന്ന ബസ്സുകൾക്കായി സ്റ്റാന്റ് പണിയുമെന്നും നഗരത്തിലെ ബസ്സുകൾ ഇതുവഴി തിരിച്ചുവിടുമെന്നും എല്ലാം വാദ്ഗാനങ്ങൾ ഉണ്ടായിരുന്നു. കളൿടേഴ്സ് സ്ക്വയർ എന്നെല്ലാം നാമകരണം ചെയ്യപ്പെട്ട ഈ സംഗതികൾ കടലാസ്സിൽ മാത്രം ഒതുങ്ങി. അല്ലെങ്കിലും കോടികൾ വിലമതിക്കുന്ന കണ്ണായ സ്ഥലം പാവപ്പെട്ട ബസ്സ് യാത്രക്കാർക്ക് സ്റ്റാന്റ് പണിയാൻ നൽകുമോ? എന്തായാലും ഇന്നു മുതൽ 20 തിരുകൊച്ചി ബസ്സുകൾ ബഹുമാനപ്പെട്ട ഗതാഗതമന്ത്രി ഗോശ്രീ പാലങ്ങൾ വഴി ഫ്ലാഗ് ഓഫ് ചെയ്തിട്ടുണ്ട്. നല്ലകാര്യം. അതുമാത്രമല്ല കായൽ നികത്തിയെടുത്ത സ്ഥലം വിറ്റതിൽ നിന്നും ലഭിച്ച പണത്തിൽ പാലങ്ങൾ പണിയുന്നതിന് വന്ന ചിലവ് കഴിച്ച് ബാക്കി തുകയുടെ മുകളിൽ ഇത്രയും വർഷങ്ങൾ നിധികാക്കുന്നഭൂതത്തെപ്പോലെ കഴിഞ്ഞ ജിഡ ഇപ്പോൾ വാരിക്കോരിയാണ് ദ്വീപുകളുടെ വികസനത്തിന് പണം ചിലവൊഴിക്കുന്നത്. ഒരു തിരഞ്ഞെടുപ്പ് അടുത്താൽ ഇത്രയും വികസനം ഒരുമിച്ചു നടക്കുമെങ്കിൽ ഓരോ രണ്ടു വർഷത്തിലും തിരഞ്ഞെടുപ്പ് വരട്ടെ. 

വൈപ്പിൻ ദ്വീപിൽ നിലവിൽ ഇരുന്നൂറിനു മുകളിൽ സ്വകാര്യബസ്സുകളും അൻപതിനടുത്ത് കെ എസ് ആർ ടി സി ബസ്സുകളും ഉണ്ട്. അതിനും പുറമെയാണ് പുതുതായി ആരംഭിച്ച തിരുകൊച്ചിയുടെ 20 ബസ്സുകൾ. പകൽ സമയത്ത് ഇത്രയും ബസ്സുകൾ ഉണ്ടെങ്കിലും  രാത്രി പത്തു മണികഴിഞ്ഞാൽ ബസ്സുകൾ ഇല്ലെന്ന ദുരവസ്ഥയാണ് നിലവിലുള്ളത്. ഒൻപതു മണിയ്ക്കു ശേഷം നാമാ‍ത്രമായ സർവ്വീസുകളാണ് ഹൈക്കോടതി ജങ്‌ഷനിൽ നിന്നും ഉള്ളത്. ഇപ്പോൾ ആരംഭിച്ചിരിക്കുന്ന തിരുകൊച്ചിയുടെ കാര്യമെങ്കിലും മറിച്ചാവണമെന്നതാണ് എന്റെ പ്രാർത്ഥന. പറവൂരിൽ നിന്നും രാത്രി ഒൻപതുമണിയ്ക്കു ശേഷം സ്വകാര്യ ബസ്സ് സർവ്വീസ് ഇല്ല. ആനവണ്ടിയും സ്വകാര്യ വണ്ടിയും മത്സരിച്ച് സർവ്വീസ് നടത്തുന്ന പറവൂർ - വരാപ്പുഴ - എറണാകുളം റൂട്ടിൽ രാത്രി 9:45നുശേഷം ഒരു ബസ്സും ഇല്ല. കണ്ണൂരിനും കാസർകോടിനും പോകുന്ന  ദീർഘദൂര സർവ്വീസുകൾ കലൂർ ബസ്റ്റാന്റിൽ നിന്നും 10:45 വരെ ഉണ്ടെങ്കിലും അവ എല്ലാ സ്റ്റോപ്പിലും നിറുത്തണം എന്ന് വാദിക്കുന്നത് യുക്തിയല്ല. അല്പം ഭേദം ആലുവ - പറവൂർ ദേശസാൽകൃത റൂട്ടാണ്. ആലുവയിൽ നിന്നും പറവൂർക്ക് രാത്രി 11:10ന് ഒരു വണ്ടി ഉണ്ട്. പണ്ട് ഇവിടെ നിന്നും 1:10 നും ഒരു വണ്ടി ഉണ്ടായിരുന്നു. എറണാകുളത്തുനിന്നും 12:15ന് ആരംഭിച്ച് ആലുവ വഴി പറവൂരിൽ എത്തിയിരുന്നു സർവ്വീസ് ശ്രീമാൻ മാത്യു ടി തോമസ്സ് നിറുത്തലാക്കി. കാരണം സർവ്വീസ് ലാഭകരമല്ലത്രെ! പകൽ മുഴുവനും നല്ല ലാഭമുള്ള ആലുവ - പറവൂർ ദേശസാൽകൃത റൂട്ടിലെ രാത്രി വളരെ വൈകിയുള്ള ഒരു സർവ്വീസ് ലാഭകരമല്ല എന്ന് പറഞ്ഞ് കെ എസ് ആർ ടി സി യ്ക്ക് നിറുത്തലാക്കാമെങ്കിൽ രാത്രികാലങ്ങൾ ബസ്സ് ഓടിക്കാത്ത സ്വകാര്യബസ്സ് മുതലാളിമാരെ എങ്ങനെ കുറ്റം പറയാൻ സാധിക്കും.

ഈ യാത്രക്ലേശങ്ങൾക്ക് പരിഹാരം ആവുന്നവിധത്തിൽ രാത്രികാലങ്ങളിൽ കൂടി കുറച്ച് ബസ്സുകൾ സർവ്വീസ് നടത്തേണ്ടത് ആവശ്യമാണ്. കാരണം വിവിധ ആവശ്യങ്ങൾക്കായി ദൂരസ്ഥലങ്ങളിൽ പോകുന്ന പലരും രാത്രികാലങ്ങളിൽ വീടുകളിൽ എത്താൻ സാധിക്കാതെ വലയുന്ന അവസ്ഥയാണുള്ളത്. ഈ വിഷയങ്ങൾ കൂടി അധികാരികൾ പരിഗണിയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു.

3 February 2011

ശ്രീ എം എ യൂസഫ് അലിയ്ക്ക് അഭിനന്ദനങ്ങൾ | Congratulations to Mr. M A Usaf Ali

ആറു വർഷക്കാലം രണ്ടു സർക്കാരുകളും അതിന്റെ  ഉദ്യോഗസ്ഥപ്രമാണികളും കിണഞ്ഞു ശ്രമിച്ചിട്ടും സാധ്യമാക്കാൻ കഴിയാതെപോയ സ്മാർട്ട് സിറ്റി കരാർ ഏതാനും മാസങ്ങൾ കൊണ്ട് യാഥാർത്ഥ്യമാക്കിയ വ്യവസായപ്രമുഖൻ  ശ്രീ എം എ യൂസഫ് അലിയ്ക്ക് അഭിവാദ്യങ്ങൾ.